Friday 20 December 2013

വിപ്ലവങ്ങള്‍ നിലയ്ക്കുന്നില്ല..

    
  സ്വന്തം നന്മക്ക് വേണ്ടി അയാള്‍ ഒന്നും ചെയ്തിരുന്നില്ല. അയല്‍ക്കാരന്റെ ഉയര്‍ച്ചയില്‍ അയാള്‍ സന്തോഷിക്കുകയും തളര്‍ച്ചയില്‍ അയാള്‍ വേദനിക്കുകയും ചെയ്തിരുന്നു. പാവങ്ങളുടെ അവകാശങ്ങള്‍ക്കായി അയാള്‍ പട പൊരുതി. ചുരുങ്ങിയ കാലയളവില്‍, ദേശക്കാരുടെ ഉറ്റ തോഴനാവാന്‍ അയാള്‍ക്ക് സാധിച്ചു..
      നാളെ മോഹനന്‍ ചേട്ടന്‍റെ മകളുടെ കല്യാണമാണ്. പകല്‍ മുഴുവന്‍ അതിന്റെ തിരക്കായിരുന്നു. പന്തലിടാനും വീട് അലങ്കരിക്കാനുമെല്ലാം മോഹനന്‍ ചേട്ടന്‍റെ വലം കയ്യായി അയാള്‍ ഉണ്ടായിരുന്നു. രാത്രി, ഉറങ്ങാന്‍ കിടന്നിട്ടും അയാള്‍ക്ക് ഉറക്കം വരുന്നില്ല. നാളത്തെ ചടങ്ങുകളെ കുറിച്ചുള്ള ആവലാതിയാണ്‌. എല്ലാം ഭംഗിയായി നടന്നാല്‍ മതിയായിരുന്നു.
      കഴിഞ്ഞ ആഴ്ചയാണ് ജബ്ബാറിക്കാടെ വീട് പണി പൂര്‍ത്തിയായത്. തുടക്കം മുതല്‍ അവസാനം വരെ അയാളുടെ സാന്നിധ്യം ജബ്ബാറിക്കാക്ക് ആശ്വാസമേകി. വിഷമഘട്ടങ്ങളില്‍ ജബ്ബാറിക്കായെ അയാള്‍ പലതവണ സഹായിച്ചിട്ടുണ്ട്. മുന്‍പ്, ഗള്‍ഫില്‍ നിന്ന് വന്ന് നട്ടം തിരിയുന്ന സമയത്ത് ചായക്കട തുടങ്ങാനും ജബ്ബാറിക്കയെ അയാള്‍ സഹായിച്ചിരുന്നു.അതിന്‍റെ നന്ദിയും സ്നേഹവും ജബ്ബാറിക്കാക്ക് അയാളോട് ഉണ്ടായിരുന്നു.
      മത്തായിയുടെഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയാള്‍. എന്ത് വിഷമം ഉണ്ടെങ്കിലും മത്തായി ഓടി അയാളുടെ അടുത്ത് വരും. അയാളോട് എല്ലാം തുറന്നു പറയും.അയാളെ കൊണ്ട് ആവുന്ന തരത്തിലെല്ലാം അയാള്‍ മത്തായിയെ സഹായിച്ചിരുന്നു. മത്തായിക്ക് കച്ചവടം തുടങ്ങാനുള്ള പൈസ സംഘടിപ്പിച്ചു കൊടുത്തതും അയാള്‍ ആയിരുന്നു.
     ഇങ്ങനെ നാട്ടിലുള്ള പാവങ്ങള്‍ക്കൊക്കെ കൈത്താങ്ങായി അയാള്‍ എന്നും ഉണ്ടായിരുന്നു. പരിചയക്കാര്‍ എന്നതിലുപരി ഇവര്‍ക്കാര്‍ക്കും തന്നെ അയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്തോ, അയാള്‍ അങ്ങനെയാണ്. അയല്‍ക്കാരന്‍ വേദനിക്കുമ്പോള്‍ അയാളുടെ കണ്ണും നിറയുമായിരുന്നു. അവരുടെ കുട്ടികളെ അയാളും സ്വന്തം കുട്ടികളെ പോലെയാണ് കരുതിയിരുന്നത്. അവരുടെ പെണ്മക്കളുടെ കാര്യത്തില്‍ അയാളും ആവലാതിപ്പെട്ടു. അയാള്‍ ചെയ്യുന്ന ഈ സഹായങ്ങള്‍ക്കൊന്നും അയാള്‍ യാതൊരു പ്രതിഫലവും ഉദ്ദേശിച്ചിരുന്നില്ല. അവരുടെ സ്നേഹത്തിലും സന്തോഷത്തിലും അയാള്‍ സന്തുഷ്ടനായിരുന്നു.. അയാളുടെ എല്ലാ തീരുമാനങ്ങളിലും അവര്‍ അയാള്‍ക്കൊപ്പം നിന്നു..
    കാലങ്ങള്‍ കഴിഞ്ഞു.. അയാളുടെ കാലശേഷം അയാളുടെ തലമുറയെ ദേശക്കാര്‍ ജീവനു തുല്യം സ്നേഹിച്ചു. എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള അവകാശം ദേശക്കാര്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ അയാളുടെ പിന്മുറക്കാര്‍ അയാളെ പോലെയായിരുന്നില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി അവര്‍ പലതും ചെയ്തു കൂട്ടി. നാടിനെയും നാട്ടാരെയും വഞ്ചിച്ചു. അയാളുടെ "ചുവന്നു" തുടുത്ത മുഖ ഭംഗി മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അവരുടെ അക്രമങ്ങളിലെല്ലാം ക്ഷമിച്ച് സഹിച്ച് ദേശക്കാര്‍ കഴിഞ്ഞു കൂടി. അയാളെ ഓര്‍ത്ത്, അവരുടെ സര്‍വ്വ തെമ്മാടിത്തരങ്ങള്‍ക്കും നേരെ നാട്ടുകാര്‍ കണ്ണടച്ചു. അവരാകട്ടെ, നാടിനും നാട്ടാര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് എന്ന്‍ വരുത്തിതീര്‍ത്തു. പാവം ദേശക്കാര്‍, അയാളുടെ ഉദ്ദേശ ശുദ്ധി ഇവര്‍ക്കും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു..
     തലമുറകള്‍ കടന്നു പോയി.. നാടിനും നാട്ടാര്‍ക്കും എന്ന വ്യാജേന സ്വന്തം ലാഭങ്ങള്‍ക്കായി അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. അവര്‍ക്ക് എതിരില്‍ ശബ്ദം ഉയര്‍ത്തിയവരെയൊക്കെ അവര്‍ അരിഞ്ഞു വീഴ്ത്തി. നാട് മുഴുവന്‍ അവര്‍ കട്ടു മുടിച്ചു. നാടിന്റെ സ്വത്തുക്കള്‍ അവര്‍ തീയിട്ടു നശിപ്പിച്ചു. സുഖലോലുപന്മാരായി രാജാക്കന്മാരെ പോലെ അവര്‍ വാണു.. ഇത്രയൊക്കെയായിട്ടും നാട്ടാര്‍ അവരോടൊപ്പം നിന്നു. അയാളെ അവര്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു..

    എന്തിനോ ഏതിനോ എന്നറിയില്ല, എത്ര നാള്‍ എന്നറിയില്ല.. വിപ്ലവങ്ങള്‍ നിലയ്ക്കുന്നില്ല... നാടിന്റെ നെഞ്ച് പിളര്‍ന്നുകൊണ്ട് അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു....
      

Thursday 21 November 2013

മട്ടാഞ്ചേരി...

ട്ടാഞ്ചേരി... കൊച്ചി നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തായി എറണാകുളം നഗരത്തില്‍ നിന്നും ഏകദേശം 9 കി.മീ. ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ പ്രദേശം. നഗരത്തിലെ ബോട്ട് ജെട്ടിയില്‍ നിന്നും ഏതാണ്ട് ഇരുപത് മിനിട്ട്  യാത്ര ചെയ്താല്‍ മട്ടാഞ്ചേരിയില്‍ എത്തിച്ചേരാം. ഓളപ്പരപ്പുകളില്‍ കൊട്ടാരം തീര്‍ത്തു കൊണ്ട് നങ്കൂരമിട്ടിരിക്കുന്ന ഭീമാകാരന്മാരായ കപ്പലുകള്‍ യാത്രക്കിടയിലെ നയനാനന്ദകരമായ ഒരു കാഴ്ചയാണ്. 
                         എറണാകുളം നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മുക്തമാണ് അറബിക്കടലിനോട്‌ ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം. നിരത്തുകളില്‍ വരിവരിയായി ആഭരണ ശാലകളും ഫല വ്യഞ്ജനങ്ങള്‍ വില്‍ക്കപ്പെടുന്ന കടകളും ശില്പ ശാലകളും കാണാം. സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നായ മട്ടാഞ്ചേരിയിലെ ഡച്ച്‌ കൊട്ടാരമായിരുന്നു ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത്. 16 ആം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ പണി­ത് കൊ­ച്ചി­യി­ലെ അന്ന­ത്തെ രാ­ജാ­വായ രാജ വീര കേ­രള വര്‍­മ്മ­യ്ക്ക് സമ്മാ­നി­ച്ച­താ­ണ്.ഈ കൊട്ടാരം. പിന്നീട് 17 ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഡച്ചുകാര്‍ ഇത് പുതുക്കിപ്പണിതു. ഇപ്പോള്‍ കേരള ടൂറിസം വികസന വകുപ്പിന്റെ (KTDC) കീഴില്‍ മ്യൂസിയമായി ഈ ചരിത്ര സ്മാരകം നില കൊള്ളുന്നു. രാജ വാഴ്ചയുടെ അടയാളങ്ങളായി പല്ലക്കുകളും രാജാക്കന്മാര്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും നാണയങ്ങളും വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം  ഇവിടെ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു. ചുവരുകളില്‍ രചനാ വൈഭവം വിളിച്ചോതുന്ന ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയ ബ്ലാക്ക് & വൈറ്റ് ഫോട്ടോകളും കാണാം. കൊട്ടാരത്തിന്റെ ഭൂരിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടിയാണ് ഉപയോഗിച്ചിട്ടുള്ളത്. തടി കൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ള കൂറ്റന്‍ ജനല്‍പ്പാളികള്‍ക്ക്  അരികിലായി ഇരിപ്പിടങ്ങളും സജ്ജമാക്കിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം നമ്മുടെ നാട് ഭരിച്ചിരുന്ന രാജാക്കന്മാര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതാകാം ആ ഇരിപ്പിടങ്ങള്‍ എന്ന്‍ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. അവിടെ ഇരുന്ന്‍ ജനല്പ്പാളികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് പോയ ഒരു അനുഭൂതി... 
                     പുറത്ത് നല്ല മഴ.. തകര്‍ത്ത് പെയ്യുന്ന മഴയെ അവഗണിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ട് നടന്നു. പാലസിനോട് ചേര്‍ന്ന്‍ തന്നെ മട്ടാഞ്ചേരി പഴയന്നൂര്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിന് അരികിലൂടെ ഞങ്ങള്‍ നടന്ന്‍ പുറത്തേക്കുള്ള പ്രവേശന കവാടത്തില്‍ എത്തിച്ചേര്‍ന്നു. ഇനി അടുത്ത ലക്ഷ്യം ജൂത പ്പള്ളിയാണ്. ജൂതപ്പള്ളിയെ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ചരിത്രം ഉറങ്ങുന്ന മണ്ണിലൂടെ മഴയത്ത് നടക്കാന്‍ വല്ലാത്തൊരാവേശം. വഴിയരികില്‍ ധാരാളം കച്ചവട ശാലകള്‍ കാണാം. മലയാളികളേക്കാള്‍ കൂടുതല്‍ നോര്‍ത്ത് ഇന്ത്യന്‍സ് ആണിവിടെ കച്ചവടം നടത്തുന്നത് എന്ന്‍ തോന്നുന്നു. നടന്ന്‍ നടന്ന്‍ ഞങ്ങള്‍ ജൂത തെരുവിലെത്തി. പേര് മാത്രമേയുള്ളൂ.. ഒന്നോ രണ്ടോ ജൂത കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ താമസിക്കുന്നത്. ജൂത ഭവനങ്ങളുടെ പ്രത്യേകതകള്‍ നോക്കി മനസ്സിലാക്കി ഞങ്ങള്‍ നടന്നു. സന്ദര്‍ശകരുടെ ശല്യം കൊണ്ടാണെന്ന് തോന്നുന്നു. മിക്ക വീടുകളും അടഞ്ഞു കിടക്കുന്നു. മഴക്ക് ഒരല്പം ശമനം വന്നിരിക്കുന്നു. സിനഗോഗിന് അടുത്ത് എത്തിയപ്പോഴാണ് അറിയുന്നത് ശനിയാഴ്ച പള്ളിയിലേക്ക് പ്രവേശനം ഇല്ല എന്ന്‍. നിരാശരായി ഞങ്ങള്‍ക്ക് അവിടെ നിന്ന്‍ മടങ്ങേണ്ടി വന്നു. സിനഗോഗിന് മുകളില്‍ കെട്ടി തൂക്കിയിരിക്കുന്ന വലിയ ഒരു മണി ആ കെട്ടിടത്തിന്റെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു. മറ്റൊരു ദിവസം സിനഗോഗ് സന്ദര്‍ശനം നടത്താം എന്ന ഉറപ്പോടെ ഞങ്ങള്‍ തിരിച്ചു നടന്നു.
                    മട്ടാഞ്ചേരിയിലെ നിരത്തുകള്‍ പോലും അവിടുത്തെ സാംസ്കാരിക പെരുമ വിളിച്ചോതുന്നുണ്ട്. ഹൈന്ദവനും ക്രൈസ്തവനും മുസ്ലിമും ജൂതനും ജൈനനും എല്ലാം ഒരുമിച്ചു വാഴുന്ന ഭാരതീയ സംസ്കാരത്തിന്റെ പരിചേദം . വഴിയരികില്‍ അങ്ങിങ്ങായി ചെറിയ ചെറിയ ക്ഷേത്രങ്ങളും അഗ്രഹാരങ്ങളും കാണാം. അടഞ്ഞും പാതി തുറന്നും കിടക്കുന്ന പടുകൂറ്റന്‍ വാതിലുകള്‍. മട്ടാഞ്ചേരിയിലെ തെരുവുകളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ ആണ് അവ എന്ന്‍ തോന്നുന്നു. അവയുടെ ഉള്ളറകളിലേക്ക് ഒന്ന്‍ എത്തി നോക്കുവാന്‍ ആഗ്രഹം തോന്നി. ചെങ്കല്ല് കൊണ്ട് പണി കഴിപ്പിച്ചിരിക്കുന്ന ഒരു ജൈന ക്ഷേത്രവും മട്ടാഞ്ചേരിയുടെ ആകര്‍ഷണീയതയാണ്. ജൈന മത വിശ്വാസികള്‍ അവിടെ തങ്ങളുടെ പ്രാര്‍ഥനയും കര്‍മങ്ങളും നടത്തി പോരുന്നു. 
            വിദേശ അധിനിവേശത്തിനു സാക്ഷിയായി ഈ മണ്ണില്‍ ഒരു ഡച്ച് സെമിത്തേരി നില കൊള്ളുന്നു. വാസ്കോഡഗാമ യുടെ ശവ ശരീരം ആദ്യം അടക്കം ചെയ്തിരുന്ന സെന്റ്‌. ഫ്രാന്‍സിസ് ചര്ച്ചിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. ഫോര്‍ട്ട്‌ കൊച്ചിയിലാണ് ഈ ചര്‍ച്ച്. 1539 ല്‍ ശരീരം പോര്ച്ചുഗലിലെക്ക് മടക്കി കൊണ്ടു പോയി. 
                   മട്ടാഞ്ചേരിയില്‍ നിന്ന്‍ മടങ്ങുമ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതത്തിന്റെ ചരിത്ര ഭൂമികളിലൂടെ സഞ്ചരിച്ച പ്രതീതി.  ഒരിക്കല്‍കൂടി ഈ മണ്ണിലേക്ക് തിരികെ വരണം. ഈ മണ്ണിന്റെ സാംസ്കാരിക പെരുമയെ വാഴ്ത്തണം. മട്ടാഞ്ചേരിയുടെആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. ഇവിടത്തെ തെരുവുകളിലൂടെ സഞ്ചരിക്കണം. മനുഷ്യ ജീവിതത്തിന്റെ വേറിട്ട തലങ്ങള്‍ കണ്ടെത്തണം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.....
ജൈന ക്ഷേത്രം
ജൂതപ്പള്ളി
ഡച്ച് സെമിത്തേരി
മട്ടാഞ്ചേരിയിലെ തെരുവ് (ഒരു രാത്രിക്കാഴ്ച്ച)
ഡച്ച് കൊട്ടാരം

Saturday 16 November 2013

യുഗാന്ത്യം....

664 ഇന്റര്‍നാഷണല്‍ മാച്ചുകള്‍..
34357റണ്‍സ്..
74  നോട്ടൌട്ടുകള്‍..
100 സെഞ്ചുറികള്‍..
164 അര്‍ധ സെഞ്ചുറികള്‍..
264 സിക്സറുകള്‍..
4076 ഫോറുകള്‍..
201 വിക്കറ്റുകള്‍..
256 ക്യാച്ചുകള്‍............

ഭാരതത്തിന്‌ അഭിമാനിക്കാം.. ലോക ക്രിക്കറ്റില്‍ എന്നല്ല, ലോക കായിക രംഗത്ത് തന്നെ ഈ മനുഷ്യന് ഒരു പകരക്കാരനില്ല.. കായിക മേഖലയില്‍ അത്രയൊന്നും എടുത്തു പറയാനില്ലാത്ത ഇന്ത്യ എന്ന മഹാരാജ്യത്ത് ജീവിക്കുന്ന ഓരോ ഭാരതീയനും അഹങ്കാരത്തോടെ വിളിച്ചു പറയാം.. സച്ചിന്‍ രമേശ്‌ തെണ്ടുല്‍ക്കര്‍ എന്ന ഈ ക്രിക്കറ്റ് ഇതിഹാസം എന്റെ നാട്ടുകാരനാണ്..
       പതിനഞ്ചാം വയസ്സില്‍ പാഡണിയാന്‍ തുടങ്ങിയ  സച്ചിന്‍ കഠിനാധ്വാനം കൊണ്ടും സ്വഭാവ സവിശേഷതകള്‍ കൊണ്ടും ജനഹൃദയങ്ങളിലേക്ക് കടന്നു വന്ന വ്യക്തിയാണ്. പണത്തിനും പ്രശസ്തിക്കുമായി ഗ്രൌണ്ടിലിറങ്ങിയ ഒട്ടനവധി കായിക താരങ്ങള്‍ വഴിയില്‍ കാലിടറി വീഴുമ്പോഴും ക്രിക്കറ്റ് എന്ന ആവേശത്തെ നെഞ്ചിലേറ്റിയ അതുല്യ പ്രതിഭയായിരുന്നു സച്ചിന്‍.5 അടി 5 ഇഞ്ച്‌ ഉയരത്തില്‍ നിന്ന്‍ കൊണ്ട് ഉയരങ്ങളുടെ കൊടുമുടിയിലേക്കാണ് അദ്ദേഹം ബാറ്റ് വീശിയത്...
     25 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ കരിയര്‍ അവസാനിപ്പിച്ചു വിശ്രമത്തിന് ഒരുങ്ങുന്ന ഈ വേളയില്‍ ലോകം ഒരേ സ്വരത്തില്‍ പറയുന്നു... സച്ചിന്‍... താങ്കളോടൊപ്പം ക്രിക്കറ്റ് എന്ന ആവേശവും ഞങ്ങളോട് വിട പറയുന്നു...
ഇനിയും ഇതിഹാസ മത്സരങ്ങള്‍ ഉണ്ടായേക്കാം.. ഇനിയും താരങ്ങള്‍ പിറവിയെടുത്തേക്കാം.... എങ്കിലും... ക്രിക്കറ്റ് ലോകത്തിന്  ഒരിക്കലും മറക്കാനാവില്ല.. സച്ചിന്‍ എന്ന വിസ്മയത്തെ............
     

Friday 25 October 2013

ആപേക്ഷികത...

പ്രപഞ്ചം എന്ന വാക്കിന്റെ അര്‍ത്ഥ വ്യാപ്തിയെ കുറിച്ച്  എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?? ശാസ്ത്ര ലോകത്ത് വിസ്മയം തീര്‍ത്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷികതാസിദ്ധാന്തം മുന്നോട്ട് വെച്ചതോടെ absolute എന്ന വാക്ക് ഉപയോഗിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് പോലും ഭയമാണ്. പ്രപഞ്ചം എന്ന പദം തികച്ചും ആപേക്ഷികമാണ്. എന്താണ് ആപേക്ഷികത (relativity) ?? ഒരു വസ്തുവിന്റെ വലിപ്പം (size) തന്നെ എടുക്കുക. തറയില്‍ കിടക്കുന്ന ഒരു കല്ല്‌ അതില്‍ പറ്റിയിരിക്കുന്ന മണല്‍ത്തരിയെ അപേക്ഷിച്ച് വളരെ വലുതായി കണക്കാക്കപ്പെടുമെങ്കില്‍ ഒരു പാറയെ അപേക്ഷിച്ച് കല്ല്‌ എത്രത്തോളം ചെറുതാണ്. അതായത്, കല്ലിന്റെ വലിപ്പം ആപേക്ഷികമാണ്. ഇതേ പോലെയാണ് പ്രപഞ്ചവും. ആധുനിക ശാസ്ത്ര ശാഖകളുടെ ഉല്‍ഭവത്തിനു വളരെ കാലം മുന്‍പ് ജീവിച്ചിരുന്ന ആദിമ മനുഷ്യരെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചം എന്നാല്‍ തങ്ങളുടെ വാസസ്ഥലവും അതിലുള്ള പദാര്‍ഥങ്ങളും (matter) ഊര്‍ജവുമായിരിക്കും (energy). എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞതോടെ, ശാസ്ത്രം പുരോഗമിച്ചതോടെ, പ്രപഞ്ചത്തിന്റെ അര്‍ത്ഥ വ്യാപ്തിയും വര്‍ദ്ധിച്ചു. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, മറ്റ് ഉപഗ്രഹങ്ങള്‍, മറ്റ് നക്ഷത്രങ്ങള്‍, ശൂന്യാകാശം, ഗ്യലക്സികള്‍, മറ്റ് പദാര്‍ഥങ്ങളും ഊര്‍ജവും എല്ലാം അടങ്ങുന്നതാണ് നാം ഇന്ന്‍ വിശേഷിപ്പിക്കുന്ന പ്രപഞ്ചം(universe). ഈ വിശേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പലതും നാം കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. എങ്കില്‍ കൂടി, എന്റെ പ്രപഞ്ചത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു എന്ന്‍ നാം വിശ്വസിക്കുകയും ശാസ്ത്രത്തിന്റെ സഹായത്തോടെ തെളിയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ഇത്ര മാത്രം. പ്രപഞ്ചം എന്നത് കാലഘട്ടത്തിനനുസരിച്ച് ആപേക്ഷികമാണ് [സമയം (time) തന്നെ ആപേക്ഷികമാണ് എന്നുള്ളത് മറ്റൊരു വസ്തുത!!]. Albert Einstein എന്ന ശാസ്ത്രകാരന്റെ തലയില്‍ ഉദിച്ച "ആപേക്ഷികത" എന്ന പ്രതിഭാസത്തെ മുന്‍ നിര്‍ത്തി മാത്രമേ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ. 19 ആം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്ന ശാസ്ത്ര സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പുതിയ കണ്ടെത്തലുകളെ അവതരിപ്പിച്ചത്. ഒരുപാട് ശാസ്ത്രജ്ഞര്‍ തങ്ങളുടെ സമ്പത്തും ആയുസ്സും ചെലവഴിച്ചു കണ്ടെത്തിയ സംഗതികളെയൊക്കെ നിഷ്പ്രഭമാക്കിയെങ്കിലും   ആധുനിക പ്രപഞ്ച ഗവേഷകര്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ ഈ മനുഷ്യന്റെ തലച്ചോറിനു സാധിച്ചു എന്നത് മറക്കാനാവാത്ത ഒരു വസ്തുതയാണ്...