Friday 20 December 2013

വിപ്ലവങ്ങള്‍ നിലയ്ക്കുന്നില്ല..

    
  സ്വന്തം നന്മക്ക് വേണ്ടി അയാള്‍ ഒന്നും ചെയ്തിരുന്നില്ല. അയല്‍ക്കാരന്റെ ഉയര്‍ച്ചയില്‍ അയാള്‍ സന്തോഷിക്കുകയും തളര്‍ച്ചയില്‍ അയാള്‍ വേദനിക്കുകയും ചെയ്തിരുന്നു. പാവങ്ങളുടെ അവകാശങ്ങള്‍ക്കായി അയാള്‍ പട പൊരുതി. ചുരുങ്ങിയ കാലയളവില്‍, ദേശക്കാരുടെ ഉറ്റ തോഴനാവാന്‍ അയാള്‍ക്ക് സാധിച്ചു..
      നാളെ മോഹനന്‍ ചേട്ടന്‍റെ മകളുടെ കല്യാണമാണ്. പകല്‍ മുഴുവന്‍ അതിന്റെ തിരക്കായിരുന്നു. പന്തലിടാനും വീട് അലങ്കരിക്കാനുമെല്ലാം മോഹനന്‍ ചേട്ടന്‍റെ വലം കയ്യായി അയാള്‍ ഉണ്ടായിരുന്നു. രാത്രി, ഉറങ്ങാന്‍ കിടന്നിട്ടും അയാള്‍ക്ക് ഉറക്കം വരുന്നില്ല. നാളത്തെ ചടങ്ങുകളെ കുറിച്ചുള്ള ആവലാതിയാണ്‌. എല്ലാം ഭംഗിയായി നടന്നാല്‍ മതിയായിരുന്നു.
      കഴിഞ്ഞ ആഴ്ചയാണ് ജബ്ബാറിക്കാടെ വീട് പണി പൂര്‍ത്തിയായത്. തുടക്കം മുതല്‍ അവസാനം വരെ അയാളുടെ സാന്നിധ്യം ജബ്ബാറിക്കാക്ക് ആശ്വാസമേകി. വിഷമഘട്ടങ്ങളില്‍ ജബ്ബാറിക്കായെ അയാള്‍ പലതവണ സഹായിച്ചിട്ടുണ്ട്. മുന്‍പ്, ഗള്‍ഫില്‍ നിന്ന് വന്ന് നട്ടം തിരിയുന്ന സമയത്ത് ചായക്കട തുടങ്ങാനും ജബ്ബാറിക്കയെ അയാള്‍ സഹായിച്ചിരുന്നു.അതിന്‍റെ നന്ദിയും സ്നേഹവും ജബ്ബാറിക്കാക്ക് അയാളോട് ഉണ്ടായിരുന്നു.
      മത്തായിയുടെഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയാള്‍. എന്ത് വിഷമം ഉണ്ടെങ്കിലും മത്തായി ഓടി അയാളുടെ അടുത്ത് വരും. അയാളോട് എല്ലാം തുറന്നു പറയും.അയാളെ കൊണ്ട് ആവുന്ന തരത്തിലെല്ലാം അയാള്‍ മത്തായിയെ സഹായിച്ചിരുന്നു. മത്തായിക്ക് കച്ചവടം തുടങ്ങാനുള്ള പൈസ സംഘടിപ്പിച്ചു കൊടുത്തതും അയാള്‍ ആയിരുന്നു.
     ഇങ്ങനെ നാട്ടിലുള്ള പാവങ്ങള്‍ക്കൊക്കെ കൈത്താങ്ങായി അയാള്‍ എന്നും ഉണ്ടായിരുന്നു. പരിചയക്കാര്‍ എന്നതിലുപരി ഇവര്‍ക്കാര്‍ക്കും തന്നെ അയാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്തോ, അയാള്‍ അങ്ങനെയാണ്. അയല്‍ക്കാരന്‍ വേദനിക്കുമ്പോള്‍ അയാളുടെ കണ്ണും നിറയുമായിരുന്നു. അവരുടെ കുട്ടികളെ അയാളും സ്വന്തം കുട്ടികളെ പോലെയാണ് കരുതിയിരുന്നത്. അവരുടെ പെണ്മക്കളുടെ കാര്യത്തില്‍ അയാളും ആവലാതിപ്പെട്ടു. അയാള്‍ ചെയ്യുന്ന ഈ സഹായങ്ങള്‍ക്കൊന്നും അയാള്‍ യാതൊരു പ്രതിഫലവും ഉദ്ദേശിച്ചിരുന്നില്ല. അവരുടെ സ്നേഹത്തിലും സന്തോഷത്തിലും അയാള്‍ സന്തുഷ്ടനായിരുന്നു.. അയാളുടെ എല്ലാ തീരുമാനങ്ങളിലും അവര്‍ അയാള്‍ക്കൊപ്പം നിന്നു..
    കാലങ്ങള്‍ കഴിഞ്ഞു.. അയാളുടെ കാലശേഷം അയാളുടെ തലമുറയെ ദേശക്കാര്‍ ജീവനു തുല്യം സ്നേഹിച്ചു. എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള അവകാശം ദേശക്കാര്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ അയാളുടെ പിന്മുറക്കാര്‍ അയാളെ പോലെയായിരുന്നില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി അവര്‍ പലതും ചെയ്തു കൂട്ടി. നാടിനെയും നാട്ടാരെയും വഞ്ചിച്ചു. അയാളുടെ "ചുവന്നു" തുടുത്ത മുഖ ഭംഗി മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അവരുടെ അക്രമങ്ങളിലെല്ലാം ക്ഷമിച്ച് സഹിച്ച് ദേശക്കാര്‍ കഴിഞ്ഞു കൂടി. അയാളെ ഓര്‍ത്ത്, അവരുടെ സര്‍വ്വ തെമ്മാടിത്തരങ്ങള്‍ക്കും നേരെ നാട്ടുകാര്‍ കണ്ണടച്ചു. അവരാകട്ടെ, നാടിനും നാട്ടാര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് എന്ന്‍ വരുത്തിതീര്‍ത്തു. പാവം ദേശക്കാര്‍, അയാളുടെ ഉദ്ദേശ ശുദ്ധി ഇവര്‍ക്കും ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചു..
     തലമുറകള്‍ കടന്നു പോയി.. നാടിനും നാട്ടാര്‍ക്കും എന്ന വ്യാജേന സ്വന്തം ലാഭങ്ങള്‍ക്കായി അവര്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. അവര്‍ക്ക് എതിരില്‍ ശബ്ദം ഉയര്‍ത്തിയവരെയൊക്കെ അവര്‍ അരിഞ്ഞു വീഴ്ത്തി. നാട് മുഴുവന്‍ അവര്‍ കട്ടു മുടിച്ചു. നാടിന്റെ സ്വത്തുക്കള്‍ അവര്‍ തീയിട്ടു നശിപ്പിച്ചു. സുഖലോലുപന്മാരായി രാജാക്കന്മാരെ പോലെ അവര്‍ വാണു.. ഇത്രയൊക്കെയായിട്ടും നാട്ടാര്‍ അവരോടൊപ്പം നിന്നു. അയാളെ അവര്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു..

    എന്തിനോ ഏതിനോ എന്നറിയില്ല, എത്ര നാള്‍ എന്നറിയില്ല.. വിപ്ലവങ്ങള്‍ നിലയ്ക്കുന്നില്ല... നാടിന്റെ നെഞ്ച് പിളര്‍ന്നുകൊണ്ട് അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു....
      

4 comments:

  1. ഗാന്ധിയും നെഹ്രുവും ആണോ അയാള്‍? അങ്ങനെയെങ്കില്‍ നാട്ടുകാര് അവരെ പണ്ടേ ഉപേക്ഷിച്ചതാണ്. :) അവരോടുള്ള ബഹുമാനം നാട്ടുകാര് കടലില്‍ കളയേണ്ട അവസ്ഥയിലാണ് ഇപ്പൊ. :)

    ReplyDelete
    Replies
    1. അയാളുടെ "ചുവന്നു" തുടുത്ത മുഖ ഭംഗി മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്....

      Delete
  2. Replies
    1. കുഞ്ഞുറുമ്പിന് നന്ദി... വായിച്ചതിനും കമന്റ് ചെയ്തതിനും....

      Delete